മലപ്പുറം: തെരുവുനായകളുടെ പ്രജനനം കൂടിയിട്ടും ആളുകളെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് ആവര്‍ത്തിച്ചിട്ടും എബിസി (ആനിമല്‍ ബെര്‍ത്ത് കണ്ട്രോള്) കേന്ദ്രങ്ങള്‍ ജില്ലയില്‍ തുടങ്ങാന്‍ നടപടിയില്ല. സംസ്ഥാനത്ത് എബിസിയുടെ ഒരു കേന്ദ്രവുമില്ലാത്ത ജില്ലയാണ് മലപ്പുറമെന്നരിക്കെ സംവിധാനമൊരുക്കാന്‍ നടപടി വൈകുകയാണ്. സ്ഥലം ലഭ്യമാകാത്തതാണ് സംവിധാനമൊരുക്കുന്നതിനുള്ള തടസം.
ജില്ലാ പഞ്ചായത്ത് അധികൃതര്‍ എബിസി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനമേധാവികളെ സമീപിച്ചിരുന്നു. പുറംമ്പോക്ക് ഭൂമി ലഭ്യമാക്കി തരണമെന്ന് റവന്യു വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. സ്ഥലം ലഭ്യമാകുന്ന മുറക്ക് കെട്ടിടവും അുബന്ധ സൗകര്യവും ഒരുക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയും തയാറാക്കി. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനുയോജ്യമായി സ്ഥലം ഇതുവരെ ലഭിച്ചിട്ടില്ല. ജില്ലാ കലക്ടര്‍ അടക്കമുള്ളവരോട് ജില്ലാ പഞ്ചായത്ത് അധികൃതര്‍ ആവശ്യം ഉന്നയിച്ചിട്ടും കാര്യങ്ങള്‍ നടപടിയാകാത്ത സ്ഥിതിയാണ്.
ഏറ്റെടുക്കാനാളില്ല
വണ്ടൂര്‍, ഊരകം, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തുകളില്‍ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ ഫലം കണ്ടില്ല. കേന്ദ്രത്തിന്റെ നടത്തിപ്പ് ബാധ്യതയാവുമോ എന്നതും ഫണ്ട് ലഭ്യതയും തെരുവുനായകളെ കൂട്ടത്തോടെ ഒരിടത്തേക്ക് കൊണ്ടുവരുന്നത് ജനകീയ പ്രതിഷേധത്തിന് കാരണമാകുമോ എന്നതും തടസമായി.
എബിസി കേന്ദ്രം തുടങ്ങുന്നതിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി വിട്ടു കൊടുക്കണമെന്ന ജില്ലാ പഞ്ചായത്ത് ആവശ്യം സര്‍വകലാശാല തള്ളിയിരുന്നു. ജില്ലയില്‍ തെരുവുനായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ 2016ല്‍ ആരംഭിച്ചിരുന്നു. 2021 അവസാനത്തോടെ നിര്‍ത്തി. ഇതിനിടെ 3,307 തെരുവുനായകളെയാണ് വന്ധ്യംകരിച്ചത്.
പൊറുതിമുട്ടി ജനം
ജില്ലയില്‍ തെരുവുനായകളുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനം. പ്രധാന നഗരങ്ങളില്‍ മുതല്‍ ഗ്രാമപ്രദേശങ്ങളില്‍ വരെ നായകളുടെ സൈ്വര വിഹാരമാണ്. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ആക്രമണത്തിന് ഇരകളാകുന്നതും പതിവ്. മദ്റസ, സ്കൂള്‍ വിദ്യാര്‍ഥികള്‍, രാവിലെ ജോലിക്ക് പോകുന്നവര്‍ തുടങ്ങിയവര്‍ക്കു നേരെയാണ് കൂടുതലും ആക്രമണം.
മുറ്റത്ത് കളിക്കുന്ന പിഞ്ചു കുട്ടികള്‍ വരെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ നൂറിലേറെ പേരാണ് തെരുവ്ായയുടെ അക്രമണത്തിനിരയായത്.
ലോക്സഭയില്‍ ഉന്നയിച്ച് സമദാനി
മലപ്പുറം: കേരളത്തില്‍ പൊതുജനത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല സുരക്ഷിതത്വത്തിന് തന്നെ ഗുരുതരമായ ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. 2025ല്‍ മാത്രം 3.69 ലക്ഷം തെരുവുനായ ആക്രമണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ 33 പേര് തെരുവുനായ കടിച്ചതിനെത്തുടര്‍ന്ന് വിഷബാധയേല്‍ക്കുകയും മരണപ്പെടുകയും ചെയ്തു.
സ്കൂള്‍ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, പാര്‍പ്പിടമില്ലാത്തവര്‍, പൊതുനിരത്തിലൂടെ സഞ്ചരിക്കുന്നവര്‍ തുടങ്ങിയവരെയും അവരുടെ സുരക്ഷിതത്വത്തെയുമാണ് ഈ പ്രശ്നം അതിഗുരുതരമായി ബാധിച്ചിരിക്കുന്നതെന്ന് 377 വകുപ്പ് പ്രകാരം സബ്മിഷന് ഉന്നയിച്ച് സമദാനി വ്യക്തമാക്കി.